മുംബൈ : ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘമായ ഡി കമ്പനിയിലെ പ്രധാനിയായിരുന്ന ഇക്ബാൽ മിർച്ചിയുടെ കുടുംബത്തിന്റെ 22 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
ദാവൂദിന്റെ വലംകൈ ആയിരുന്നു ഇഖ്ബാൽ മിർച്ചി. സിനിമ തിയറ്റർ, ഹോട്ടൽ, പണിതു കൊണ്ടിരിക്കുന്ന മറ്റൊരു ഹോട്ടൽ, ഫാം ഹൗസ്, 2 ബംഗ്ലാവുകൾ, പഞ്ചഗ്നിയിലെ 3.5 ഏക്കർ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. പ്രിവൻഷൻ ഓഫ് മണി ലോൻഡറിംഗ് ആക്ട് പ്രകാരമാണ് എല്ലാ വസ്തുവകകളും കണ്ടു കെട്ടിയിരിക്കുന്നത്. 22.42 കോടിയുടെ സ്വത്തുവകകൾ കണ്ടുകിട്ടിയതടക്കം 7 ബാങ്കുകളിലെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 2013-ൽ ലണ്ടനിൽ വച്ചാണ് ഇക്ബാൽ ഹൃദയാഘാതം മൂലം മരണമടയുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഇക്ബാലിനെയാണ് മയക്കുമരുന്ന് ബിസിനസിന്റെ മേൽനോട്ടം ഏൽപ്പിച്ചിരുന്നത്.
മയക്കുമരുന്ന് കടത്തിയും നിരവധി കുറ്റകൃത്യങ്ങൾ നടത്തിയും ഇക്ബ്ൽ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജീവിച്ചിരുന്ന കാലത്തും ഇക്ബൽ മിർച്ചിയ്‌ക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.










