ന്യൂഡൽഹി : ഇന്ത്യ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഫിനാൻസ് കമ്മീഷൻ ചെയർമാൻ എൻ.കെ സിംഗിന്റെ ‘പോർട്രൈറ്റ്സ് ഓഫ് പവർ : ഹാഫ് എ സെഞ്ചുറി ഓഫ് ബീയിങ് അറ്റ് റിങ്സൈഡ്’ എന്ന പുസ്തകം പ്രകാശനം ചെയ്യവെയാണ് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇന്ത്യ കരകയറി വരികയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞത്.
കോവിഡ് രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും മതിയായ മൂലധനമുണ്ടായിരിക്കണമെന്നും എന്നാൽ, മാത്രമെ കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് രാജ്യം മാറുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ചില ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളും ഇതിനോടകം തന്നെ ആവശ്യമായ മൂലധനം ശേഖരിച്ചു കഴിഞ്ഞതായി അറിയാൻ സാധിച്ചുവെന്നും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തു തന്നെ ഇക്കാര്യങ്ങൾ ബാങ്കുകളിലെ അധികാരികളുമായി സംവദിക്കാൻ സാധിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. ആർ.ബി.ഐ ഗവർണറെ കൂടാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.










