ഈ വർഷത്തെ വിജയദശമി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡാർജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പം ആഘോഷിക്കും. സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികൾക്കുമായി ഒക്ടോബർ 24,25 ദിവസങ്ങളിലായിട്ടായിരിക്കും മന്ത്രി ഡാർജലിങും സിക്കിമും സന്ദർശിക്കുക. വിജയദശമി ദിനത്തിൽ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആയുധപൂജ നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ദ്വിദിന സന്ദർശനത്തിനിടെ അദ്ദേഹം ബോർഡർ റോഡ് ഓർഗനൈസേഷന്റെ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചയോടു കൂടി അദ്ദേഹം സിക്കിമിലേക്ക് യാത്ര തിരിക്കുമെന്നും യാത്രക്കിടെ ചില സൈനിക പോസ്റ്റുകൾ സന്ദർശിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ചയായിരിക്കും മന്ത്രി ‘ആയുധ പൂജ’ നടത്തുക. ഇതിനു മുമ്പ്, ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം ആയുധ പൂജ നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫ്രാൻസ് സന്ദർശനത്തിനിടെ തുറമുഖ നഗരമായ ബോർഡ്യൂക്സിൽ വെച്ചാണ് അദ്ദേഹം ആയുധ പൂജ ചെയ്തത്. രാജ്നാഥ് സിംഗിന്റെ സിക്കിം,ഡാർജലിംഗ് സന്ദർശനം സൈനികർക്ക് കൂടുതൽ ധൈര്യം പകരുമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Discussion about this post