ജുമൈറ : ദുബായിലെ ജുമൈറയിലുള്ള പാം ഫൗണ്ടൈൻ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടൈനെന്ന റെക്കോർഡോടെ ഗിന്നസ് ബുക്കിലിടം നേടി. മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളോടെ 14,000 ചതുരശ്രയടി കടൽ വെള്ളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ഫൗണ്ടൈൻ ഒരുക്കിയിട്ടുള്ളത് ജുമെയ്റയിലെ ദി പോയിന്റിലാണ്. ദുബായിലുള്ള ഒരേയൊരു മൾട്ടികളർ ഫൗണ്ടൈനാണ് പാം ഫൗണ്ടൈൻ.
105 മീറ്റർ ഉയരത്തിൽ വെള്ളം ചീറ്റിക്കുന്ന ഈ ഫൗണ്ടൈൻ, 7,327 ചതുരശ്രമീറ്ററിൽ ചിതറി വീഴും. സൗത്ത് കൊറിയയുടെ ബാൻപോ മൂൺലൈറ്റ് റെയിൻബോ ഫൗണ്ടൈന്റെ റെക്കോർഡ് മറികടന്നാണ് പാം ഫൗണ്ടൈൻ ഗിന്നസ് ലോക റെക്കോർഡ്സിലിടം നേടിയത്. ദിവസവും പാം ഫൗണ്ടൈനിന്റെ മൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന 20 വ്യത്യസ്ത ഷോകളായിരിക്കും ഉണ്ടായിരിക്കുക. കോവിഡ് മഹാമാരിക്കിടയിൽ ടൂറിസം മേഖലയെ കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫൗണ്ടൈൻ ദുബായ് അവതരിപ്പിച്ചത്. പാം ഫൗണ്ടൈനിന്റെ ഉദ്ഘാടന ദിവസമായ ഒക്ടോബർ 22ന് മത്സര പരിപാടികളും സംഗീത-നൃത്ത വേദികളും സംഘടിപ്പിച്ചു.









