ലക്നൗ: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ശക്തമായ ഇടിമിന്നലേറ്റു. ഉച്ചയ്ക്ക് 3:10-ന് പട്നയിൽ നിന്ന് പുറപ്പെട്ട 6E925 നമ്പർ ഇൻഡിഗോ വിമാനമാണ് ആകാശത്തുവച്ച് അപകടത്തിൽപ്പെട്ടത്. ഇടിമിന്നലിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് (നോസ് കോൺ) സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
വൈകുന്നേരം 4:05-ഓടെയാണ് വിമാനം ലക്നൗവിൽ ലാൻഡ് ചെയ്തത്. നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ എട്ട് മിനിറ്റ് മുൻപേയായിരുന്നു ലാൻഡിങ്. ലക്നൗവിൽ വിമാനം ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലേറ്റത്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്തതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 110 പേരും സുരക്ഷിതരായി പുറത്തെത്തി.
ഇതേ വിമാനമായിരുന്നു ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തേണ്ടിയിരുന്നത്. എന്നാൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഡിഗോ കമ്പനി അഹമ്മദാബാദിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം അടിയന്തരമായി സജ്ജീകരിച്ചു നൽകി.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകൾക്ക് ശേഷവും റെഗുലേറ്ററി അതോറിറ്റിയുടെ നിർബന്ധിത അനുമതി ലഭിച്ചതിന് ശേഷവും മാത്രമേ ഈ വിമാനത്തിന് ഇനി സർവീസ് നടത്താൻ സാധിക്കൂ. നേരത്തെ ജൂൺ 19-ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിനും ഇടിമിന്നലേറ്റ് വൈദ്യുതി സംവിധാനത്തിന് തകരാർ സംഭവിച്ചിരുന്നു.











