ന്യൂഡൽഹി: അറുന്നൂറോളം വ്യത്യസ്ത തരം ചീസുകൾക്ക് ലോകപ്രശസ്തമായ സ്വിറ്റ്‌സർലാന്റിന്റെ ഭരണതലവന് ഇന്ത്യയുടെ സ്വന്തം അപൂർവ്വ ചീസ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര സർപ്രൈസ്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സ്വിസ് പ്രസിഡന്റ് ഗൈ പർമെലിനാണ് മോദി മൂന്ന് വ്യത്യസ്ത തരം ആർട്ടിസാനൽ ചീസുകൾ സമ്മാനമായി നൽകിയത്. മുംബൈയിലെ പ്രശസ്തമായ ‘എലഫ്തീരിയ’ (Eleftheria) ക്രീമറിയിൽ മൗസം നരംഗ് നിർമ്മിച്ച ‘ഗുൽമാർഗ്’, ‘കോണാർക്ക്’, ‘യൂർ’ എന്നീ മൂന്ന് പുരസ്കാര ജേതാക്കളായ ചീസുകളാണ് മോദി സമ്മാനിച്ചത്.
പരമ്പരാഗതമായി പാലിൽ നിന്ന് തൈരും വെണ്ണയും നെയ്യും ഉണ്ടാക്കുന്ന ഭാരതീയ സംസ്കാരത്തിൽ നിന്ന് മാറി, ആഗോള തലത്തിൽ വൻ മേൽക്കോയ്മയുള്ള ചീസ് നിർമ്മാണ രംഗത്തും ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റത്തിന്റെ തെളിവായി ഈ സമ്മാനം മാറി. ഫ്രഞ്ച് ബ്രീ സ്‌റ്റൈലിൽ നിർമ്മിച്ച ഹൃദയാകൃതിയിലുള്ള ‘ഗുൽമാർഗ്’, തഞ്ചാവൂർ-കോണാർക്ക് ശില്പകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘കോണാർക്ക്’, സ്വിസ് പ്രശസ്ത ചീസായ ഗ്രുയറിന് (Gruyère) തുല്യമായി റോസ് ഇതളുകളും പെരുംജീരകവും ചേർത്ത് രൂപപ്പെടുത്തിയ ‘യൂർ’ എന്നിവ ആഗോളതലത്തിൽ നിരവധി സ്വർണ്ണ മെഡലുകൾ നേടിയ ഉൽപ്പന്നങ്ങളാണ്.
ചീസ് നിർമ്മാണത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ തലവന് അതേ നാടിനെപ്പോലും വിസ്മയിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ നിർമ്മിത ചീസ് സമ്മാനിച്ചത് അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര വിദഗ്ധരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചീസിന് പുറമെ കശ്മീരി അക്രൂട്ട് തടിയിൽ കൊത്തിയെടുത്ത വാൾ പാനലും ഗുജറാത്തിലെ കച്ച് ഷാളും മോദി സ്വിസ് പ്രസിഡന്റിന് സമ്മാനമായി നൽകി.











