ശ്രീനഗർ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. കഴിഞ്ഞ ദിവസം, ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിക്കുകയുള്ളുവെന്ന പ്രസ്താവനയുമായി മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തു വന്നിരുന്നു.
ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കശ്മീരിന്റെ പഴയ പതാക തിരിച്ചു കൊണ്ടു വരണമെന്ന മെഹബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയ പതാകയെ ആക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.”കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്ക് ശേഷമാണ്. പാർലമെന്റിലെ 2 സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രശ്നങ്ങൾക്കു പോലും ബി.ജെ.പിയെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ദേശീയ പതാകയോട് അനാദരവ് കാണിച്ച മെഹബൂബക്കെതിരെ ഒരക്ഷരം സംസാരിക്കുന്നില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, ഇത്തരത്തിലുള്ള നടപടികൾ കാപട്യവും ഇരട്ടത്താപ്പുമാണെന്നും മന്ത്രി ആരോപിച്ചു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) പ്രസിഡന്റാണ് മെഹബൂബ മുഫ്തി.












