പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഒരാൾ കീഴടങ്ങി.
പുൽവാമയിലെ പാമ്പോറിൽ ലാല്പൊരയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന ശക്തമാക്കിയിരുന്നു. സൈനിക സംഘത്തിന് നേർക്ക് നിറയൊഴിച്ച ഭീകരർക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ടിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. തുടർന്നാണ് ഒരു ഭീകരൻ കീഴടങ്ങിയത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കശ്മീർ മേഖലാ പൊലീസ് അറിയിച്ചു.








