മുംബൈ : വിരമിച്ച പിഎസ്യു ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരേ റാങ്കിൽ ഒരേ സർവീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും വിരമിക്കൽ തിയതി പരിഗണിക്കാതെ ഒരേ പെൻഷൻ നൽകുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ (വൺ റാങ്ക് വൺ പെൻഷൻ (ഒആർഒപി)).
നേരത്തെ വിരമിച്ചുവെന്നതിന്റെ പേരിൽ പെൻഷൻ നൽകുന്നതിൽ വിവേചനം കാണിക്കരുതെന്ന് പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ബാങ്കുകളോട് ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) എഴുപത്തിമൂന്നാമത് വാർഷിക ജനറൽ യോഗത്തിൽ പങ്കെടുക്കവെയാണ് ഇക്കാര്യം ബാങ്കുകളോട് മന്ത്രി ആവശ്യപ്പെട്ടത്. യോഗത്തിൽ ബാങ്കുകളിലെ ചീഫ് ഉദ്യോഗസ്ഥരും ഐബിഎ ചെയർമാൻ രാജ്കിരൺ റായിയും പങ്കെടുത്തിരുന്നു.
ബാങ്കുകളോട് കുടുംബ പെൻഷൻ പദ്ധതി അവലോകനം ചെയ്യാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ബുധനാഴ്ച പതിനൊന്നാമത് ഉഭയകക്ഷി വേതന തീർപ്പാക്കൽ പദ്ധതി ഉദ്ഘാടനത്തിനു ശേഷം കുടുംബ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചേക്കും.
Discussion about this post