വാഷിങ്ടൺ: പ്രമുഖ ഭീകരസംഘടനയായ അൽഖ്വയ്ദയിലെ പ്രധാനികളിൽ രണ്ടാമനെ ഇസ്രായേൽ വധിച്ചതായി റിപ്പോർട്ടുകൾ. അബു മുഹമ്മദ് അൽ മസ്രിയെന്ന കൊടുംഭീകരനാണ് ഇറാനിൽ വച്ച് കൊല്ലപ്പെട്ടത്. അൽ ഖ്വയ്‌ദയുടെ ഇപ്പോഴുള്ള മേധാവി അയ്മൻ അൽ സവാഹിരിക്കു ശേഷം സംഘടനയെ നയിക്കേണ്ടയാളാണെന്ന് വിശ്വസിക്കപ്പെടുന്ന ഭീകരനാണ് മസ്രി. വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലയ്ക്ക് പിറകിൽ, ഇസ്രയേലി ചാരസംഘടനയായ മൊസാദ് ആണെന്നാണ് പരക്കെ നിഗമനം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്.
യു.എസ് ദിനപത്രമായ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ അറിവോടെയാണ് അബൂമുഹമ്മദ് അൽ മസ്രിയെന്നറിയപ്പെടുന്ന അബ്ദുല്ല മുഹമ്മദ് അബ്ദുല്ലയെ വധിച്ചതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് തെരുവിലൂടെ നടക്കുകയായിരുന്ന മസ്രിയെ വെടിവെച്ചു വീഴ്ത്തിയത്. മൊസാദിന്റെ കൊലപാതക യന്ത്രമെന്നറിയപ്പെടുന്ന ‘കിഡോൺ’ എലീറ്റ് ടീമിന്റെ സവിശേഷതയാണ് ഇത്തരത്തിലുള്ള പ്രവർത്തന രീതി.
1998-ൽ, ആഫ്രിക്കയിലെ രണ്ട് അമേരിക്കൻ എംബസികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു മിസ്രി. യു.എസിന്റെ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇയാളുടെ പേരുണ്ട്.
അതേസമയം, മിസ്രി കൊല്ലപ്പെട്ടെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. തങ്ങളുടെ മണ്ണിൽ അൽക്വയ്ദ ഭീകരർ ഇല്ലെന്നാണ് ഇറാൻ ഭരണകൂടം വെളിപ്പെടുത്തുന്നത്. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ കൈ മാറുകയാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്നാണ് ഇറാന്റെ ആരോപണം. പതിവുപോലെ ഇസ്രായേൽ വാർത്തയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post