ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. ഇത്രയും കാലത്തെ അഭിനയത്തിനിടയിലെ ഏറ്റവും വലിയ അവാർഡാണ് ഇതെന്നും സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. ഒരുപാട് മഹാരഥന്മാർ നടന്നുപോയ വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. മുമ്പ് അവാർഡ് ലഭിച്ചതെല്ലാം മഹാരഥന്മാർക്കാണ്. അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ നന്ദിയെന്ന് മോഹൻലാൽ പറഞ്ഞു.
ആദ്യം ഇതിന്റെ ജൂറിയോടും ഇന്ത്യൻ ഗവൺമെന്റിനോടുമുള്ള നന്ദി അറിയിക്കുന്നു. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമ, എന്നോടൊപ്പം പ്രവർത്തിച്ചിരുന്നവർ, ഇപ്പോൾ പ്രവർത്തിക്കുന്നവർ, ഇനി പ്രവർത്തിക്കാൻ പോകുന്നവർ അവർക്കൊക്കെ ഞാൻ നന്ദി പറയുന്നു. ഒരുപാട് മഹാരഥൻമാർ നടന്നു പോയ വഴിയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. ആദ്യമായിട്ട് ഞാൻ എന്റെ നന്ദി ഈശ്വരനോടും എന്റെ കുടുംബത്തോടും എന്റെ പ്രേക്ഷകരോടും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരോടുമായി ഞാൻ പങ്കിടുന്നു. എന്റെ ഈ അവാർഡ് മലയാള സിനിമയ്ക്ക് ഞാൻ സമർപ്പിക്കുന്നു. 48 വർഷം എന്നോടൊപ്പം സഹകരിച്ച പലരും ഇന്നില്ല. അവരെ ഞാൻ ഓർക്കുന്നു. കാരണം എല്ലാവരും കൂടി ചേർന്നതാണ് സിനിമ.എല്ലാ ഡിപ്പാർട്ടുമെന്റിലുള്ളവരും എല്ലാവരും കൂടി ചേർന്നാണ് മോഹൻലാൽ എന്ന നടനുണ്ടായത്. രണ്ടാമത്തെ മലയാളി ഒന്നാമത്തെ മലയാളി എന്നൊന്നില്ല. ഇത് ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡ് ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ അവാർഡ് ആണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഈശ്വരനോടും പ്രേക്ഷകരോടും നന്ദി പറയുന്നു.
48 വർഷമായി ഞാൻ പ്രവർത്തിക്കുന്ന മേഖല എനിക്ക് ഈശ്വരൻ തന്നെയാണ്. ഒരു പ്രാർഥന പോലെയാണ്, അതുകൊണ്ടാണ് ഈശ്വരനെപ്പോലെ എന്ന് പറയുന്നത്. ഇതിന് മുൻപും സൂപ്പർ ഹിറ്റ് സിനിമകളുണ്ടായിട്ടുണ്ട്. പുതിയ തലമുറ പഴയ തലമുറ എന്നൊന്നില്ല. ഏത് പ്രൊഫഷനായാലും നമ്മൾ കാണിക്കുന്ന സത്യസന്ധതയാണ് പ്രധാനം. ഇതൊരിക്കലും ഞാൻ തനിച്ച് എടുക്കുന്നില്ല. ഈ അവാർഡ് എല്ലാവർക്കുമായി ഞാൻ പങ്കുവയ്ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post