ന്യൂഡൽഹി : ദീപാവലിക്ക് ഇന്ത്യൻ വിപണിയിൽ നടന്നത് 72,000 കോടി രൂപയുടെ കച്ചവടമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ഇന്ത്യൻ വ്യാപാരികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനാലാണ് ഇന്ത്യൻ വിപണിയിൽ ഇത്രയുമധികം കോടി രൂപയുടെ കച്ചവടം നടന്നതെന്ന് സംഘടന വ്യക്തമാക്കി.
നേരത്തെ, ദീപാവലി സീസണിൽ ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ ചൈനയ്ക്കു വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് സിഎഐടി വ്യക്തമാക്കി. പതിറ്റാണ്ടുകൾക്കു ശേഷമാണ് ചൈനീസ് ഉല്പന്നങ്ങളില്ലാതെ ഇന്ത്യ ദീപാവലിയാഘോഷിച്ചത്. ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിലുള്ള കച്ചവടമാണ് നടന്നതെന്ന് മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഭോപ്പാൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നാലായിരം വ്യാപാര സംഘടനകളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്, ഗാൽവൻ അതിർത്തിയിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്. 700 കോടി ഇന്ത്യൻ വ്യാപാരികൾ അംഗങ്ങളായുള്ള കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ തീരുമാനം ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.









