ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുവർഷം മുമ്പ്, ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ഭാരതത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ ഉള്ളതിനേക്കാൾ ബഹുദൂരം മുന്നോട്ടു പോയെന്നും, നിലവിൽ, അത് ഇന്ത്യൻ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020 ബംഗളുരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിർച്വലായാണ് അദ്ദേഹം സാങ്കേതിക മേള ഉദ്ഘാടനം ചെയ്തത്.
ഇന്ത്യൻ സാങ്കേതികരംഗത്ത് മികവുറ്റ പ്രവർത്തകരും സംരംഭങ്ങളുമുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെ പ്രയോഗം മനുഷ്യ ജീവിതത്തിൽ വളരെ വലിയ അളവിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ടെക്നോളജിയും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഈ രാജ്യത്താണെങ്കിലും, നമ്മുടെ സാങ്കേതികവിദ്യകൾ ആഗോള വിപണി കീഴടക്കാൻ തക്ക ശേഷിയുള്ളവയാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ഡിജിറ്റൽ, സാങ്കേതിക മേഖലയ്ക്ക് വളരെ വലിയൊരു വിപണി ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ‘ ടെക്നോളജി ഫസ്റ്റ്’ എന്ന നയമായിരിക്കും ഭാരതം സ്വീകരിക്കുന്നതെന്നും പ്രഖ്യാപിച്ചു.
Discussion about this post