ഡൽഹി: ഹൈദരാബാദിലെ അടുത്ത മേയർ ബിജെപിക്കാരനായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിനെ കാലഹരണപ്പെട്ട നൈസാം സംസ്കാരത്തിൽ നിന്ന് മോചിപ്പിക്കും. നഗരത്തെ ലോകോത്തര ഐടി ഹബ്ബാക്കി വികസിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൃത്യമായി വികസന ഫണ്ടുകൾ കൈമാറുന്നുണ്ടെന്നും എന്നാൽ ഹൈദരാബാദിലെ അടിസ്ഥാന സൗകര്യ വികസനം പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോർപ്പറേഷൻ ഭരിക്കുന്ന കോൺഗ്രസും ടി ആർ എസും ആണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാനായാൽ ലോകോത്തര ഐടി കമ്പനികൾ നഗരത്തിൽ വികസനം കൊണ്ടു വരുമെന്നും അതിനായാണ് ബിജെപി പരിശ്രമിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ഹൈദരാബാദിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കും. ഇതിൽ ഒവൈസി വേവലാതിപ്പെട്ടിട്ട് ഒരു കാര്യവുമിലെന്നും അമിത് ഷാ പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിൽ എത്തിയത്.
ഹൈദരാബാദിൽ റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്ത അമിത് ഷാ, അവരുടെ ആവേശത്തിന് നന്ദി അറിയിച്ചു. അമിത് ഷായും തേജസ്വി സൂര്യയും ഉൾപ്പെടുന്ന മുൻനിര നേതാക്കളാണ് ബിജെപിക്ക് വേണ്ടി ഹൈദരാബാദിൽ പ്രചാരണം നയിക്കുന്നത്.










