ലക്നൗ: കോവിഡ് വാക്സിൻ സംഭരണ ശാലകൾക്ക് ഇവിഎമ്മിനു സമാനമായ സുരക്ഷ നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാക്സിൻ സൂക്ഷിക്കുന്നതിന് സംഭരണശാലകളുടെ ശേഷി വർധിപ്പിക്കാനും യോഗി നിർദേശിച്ചിട്ടുണ്ട്.
അദേഹത്തിന്റെ സ്വവസതിയിൽ വെച്ചു നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അധികാരികളെ അറിയിച്ചത്. കോൾഡ് സ്റ്റോറേജുകളുടെ ശേഷി ഡിസംബർ പതിനഞ്ചോടെ 2.30 ലക്ഷം ലിറ്റർ ആക്കണമെന്നാണ് നിർദ്ദേശം. ഇവിഎമ്മിനു സമാനമായ സുരക്ഷ ഒരുക്കുന്നത് എല്ലാവർക്കും വാക്സിൻ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണെന്ന് യോഗി വിശദമാക്കി. യുപിയിലെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ സംബന്ധമായ എല്ലാവിധ പരിശീലനങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കോവിഡ് വാക്സിനു വേണ്ടി ഏറെ കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ശാസ്ത്രജ്ഞരുടെ അറിയിപ്പ് ലഭിച്ചാൽ ഉടൻ വാക്സിൻ ഡ്രൈവ് ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 5 വാക്സിനുകളാണ് പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്.
Discussion about this post