ഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുളള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായി. കൊവിഡിനെ തുടര്‍ന്ന് നിറുത്തിവച്ചിരിക്കുന്ന സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്.
തുടക്കത്തില്‍ ദിവസേന ഡല്‍ഹിക്കും കാഠ്മണ്ഡുവിനും ഇടയില്‍ ഒരു സര്‍വീസായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. എല്ലാ മെഡിക്കല്‍ പ്രോട്ടോക്കാേളും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക. ഇന്ത്യയും നേപ്പാളും തമ്മില്‍ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് ബന്ധം സാധാരണ നിലയിലാകുന്നതിന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ചൈനയുടെ പ്രലോഭനത്തില്‍ വീണ നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ കാലാപാനി തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നും മേഖലയില്‍ നിന്ന് ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിന്വലിക്കണമെന്നുമാവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. നേപ്പാളിന്റെ ഒരു ഇഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറഞ്ഞതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. ഇതിനിടെ നേപ്പാളിന് അനുകൂല നിലപാടുമായി ചൈനയും രംഗത്തെത്തി. ഇന്ത്യക്കെതിരായ നീക്കം നടത്തിയതിന് രാജ്യത്തിനുളളില്‍ നിന്നും പാര്‍ട്ടിക്കുളളില്‍ നിന്നും കെ.പി. ശര്‍മ ഒലിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ തെറ്റുമനസിലാക്കിയ നേപ്പാള്‍ ഇന്ത്യക്കെതിരായ നീക്കങ്ങളില്‍ നിന്ന് പിന്നാക്കംപോയി. ഇതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പിടിമുറുക്കാനുളള ചൈനയുടെ നീക്കവും ഇന്ത്യയോട് അടുക്കുന്നതിന് ഇടയാക്കി.
ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ റോ മേധാവി സമന്ത് ഗോയലും ഇന്ത്യന്‍ സൈനിക മേധാവി നരവാനെയും നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുമായുളള ദീര്‍ഘകാലബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് നരവാനെയുടെ സന്ദര്‍ശനവേളയില്‍ നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമായത്.
Discussion about this post