ഡിജിറ്റൽ ഇന്ത്യ സ്വപ്നം കാണുന്നവർക്കെല്ലാം ആവേശം പകരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐടി മന്ത്രി രവിശങ്കർ പ്രസാദും. ഇന്ത്യയിലൊട്ടാകെ സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി പിഎം-വാണി പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഈ പദ്ധതിയിലൂടെ പബ്ലിക് ഡാറ്റ ഓഫീസുകൾ വഴി പൊതു വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ സർക്കാർ അംഗീകാരം നൽകും. പബ്ലിക് വൈ-ഫൈ ആക്സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് എന്നതിന്റെ ചുരുക്കപ്പേരാണ് പിഎം-വാണി. ഈ പദ്ധതിയിലൂടെ രാജ്യത്ത് വൻ ഡാറ്റ വിപ്ലവം തന്നെ കൊണ്ടുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഈ പദ്ധതി സാധാരണ ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിക്കുമെന്നും കഴിഞ്ഞ ദശകങ്ങളിൽ സജീവമായിരുന്ന ടെലിഫോൺ ബൂത്തുകൾ പോലെ ഇതും വൻ വിപ്ലവമായിരിക്കുമെന്നും രവിശങ്കർ പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. ഈ പബ്ലിക് വൈ-ഫൈ നെറ്റുവർക്കുകൾ പ്രവർത്തിക്കുക പബ്ലിക് ഡാറ്റ ഓഫീസ്, പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റേഴ്‌സ്, അപ്ലിക്കേഷൻ ദാതാക്കൾ തുടങ്ങി നിരവധി പങ്കാളികൾ ഉൾപ്പെടുന്ന ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കും. പിഎം- വാണിയുടെ സേവനങ്ങൾ യാതൊരു നിരക്കും കൂടാതെ പൂർണമായും സൗജന്യമായിരിക്കുമെന്നും ഇതിനായി പ്രത്യേകം രജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ലെന്നും രവിശങ്കർ പ്രസാദ് അറിയിച്ചിട്ടുണ്ട്.









