ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഇന്നും തുടരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയായിരുന്നു രാഹുലിന്റെ ശക്തമായ പ്രതികരണം. തനിക്കെതിരെ നിലവിൽ 45 കേസുകളുണ്ടെന്നും അത് നൂറാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം, ഓരോ എഫ്‌ഐആറുകളും തനിക്കുള്ള മെഡലുകളാണെന്നും കൂട്ടിച്ചേർത്തു.
പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവർ കാണാൻ വിസമ്മതിക്കുകയായിരുന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അവിടെ പ്രതിഷേധിക്കാൻ അനുവാദം നൽകാതെ ഡൽഹി പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് നിശ്ചയിക്കപ്പെട്ട പ്രതിഷേധ സ്ഥലമായ ജന്തർമന്തറിലേക്ക് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ഈ രാജ്യത്തിന്റെ നിയമപരമായി അംഗീകരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറല്ല എന്ന് രാജ്യത്തോട് പ്രഖ്യാപിക്കാനാണ് പ്രതിപക്ഷം അവിടെ ഒത്തുകൂടുന്നത്.
ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടിവരുമെന്ന് രാഹുൽ ആവർത്തിച്ചു. മൂന്നു ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. എന്നാൽ ജന്തർ മന്തറിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് ഗതാഗതം പൂർണ്ണമായി തടഞ്ഞു.










