തിരുവനന്തപുരം: സിപിഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണു മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ജീവന് അപകടത്തിലാണെന്നു സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസാരമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണു ജയില്‍ വകുപ്പിന്റേത്. നേരത്തെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നപ്പോഴും സമാനമായ നിലപാടാണു ജയില്‍ വകുപ്പ് സ്വീകരിച്ചത്. എന്നാലതില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തേണ്ട പോലീസാകട്ടെ ആ കേസ് അട്ടിമറിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
സാങ്കേതിക സഹായത്തോടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദസന്ദേശത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനുപിന്നിലെ ശക്തികളെ കണ്ടെത്തേണ്ടതു സ്വര്‍ണക്കടത്ത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിനു നിര്‍ണായകമാണ്. ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തിലും വധഭീഷണിയുമായി ബന്ധപ്പെട്ട വിഷയത്തിലും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്നതു മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ച് മംഗളപത്രം രചിക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നത്. മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് അനുസൃതമായി നിറംമാറാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്. സത്യസന്ധവും നിര്‍ഭയവുമായി നിയമവാഴ്ച നടപ്പാക്കുകയും ജനങ്ങള്‍ക്കു നീതി ഉറപ്പാക്കുകയും ചെയ്യുകയാണു സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ ധര്മെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Discussion about this post