ചെന്നൈ: സീരിയൽ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. അഞ്ചു ദിവസം തുടർച്ചയായി പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹേംനാഥിനെ അറസ്റ്റ് ചെയ്തത്.
ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് ചിത്രയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. വിജയയേയും ഇന്നലെ പോലീസ് രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വിജയ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് നുസ്രത്ത്പേട്ടിലെ ആഡംബര ഹോട്ടലിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മർദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ചിത്രയുടെ വിവാഹം നടത്താനിരുന്നതാണ്.











