ചെന്നൈ: തമിഴ് സൂപ്പർതാരം രജനികാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവാ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഓട്ടോറിക്ഷയായിരിക്കും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ചിഹ്നം അംഗീകരിച്ചിട്ടുണ്ട്.
നിലവിലെ പാർട്ടി ഉപയോഗിച്ചായിരിക്കും രജനികാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുക. പാർട്ടിയുടെ, മക്കൾ ശക്തി കഴകം എന്ന പേരുമാറ്റി പുതിയ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് രജനികാന്തോ രാഷ്ട്രീയ പാർട്ടിയോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരി മുതൽ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് രജനി അറിയിച്ചിരുന്നത്.
‘ഹസ്തമുദ്ര’ചിഹ്നമാകും നേരത്തെ രജനിയുടെ പാർട്ടി തിരഞ്ഞെടുക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ചിഹ്നവുമായി സാമ്യം ഉള്ളതുകൊണ്ടാണ് പുതിയ ചിഹ്നം പാർട്ടി തിരഞ്ഞെടുത്തത്. രജനിയുടെ ബാബ എന്ന സിനിമയിലൂടെ പ്രശസ്തമായിരുന്നു ഹസ്തമുദ്ര ചിഹ്നം









