ഡല്‍ഹി: സി.ബി.എസ്.ഇ 2021 അദ്ധ്യയന വര്‍ഷത്തെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലാണ് ഈ വിവരം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കല്‍ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
നിലവിലെ വൈറസ് രോഗ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാദ്ധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാല്‍ അറിയിച്ചു.
രാജ്യത്ത് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായിരുന്ന ആശങ്കകള്‍ക്ക് ഇതോടെ വിരാമമായി. എന്നാല്‍ പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലര്‍ അല്‍പം കൂടി സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തണമെന്നും അദ്ധ്യാപകര്‍ കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മേയ് മാസം വരെ പരീക്ഷകള്‍ നീട്ടി വയ്‌ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പരീക്ഷാ തീയതികള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പല പഠനസഹായി വെബ്‌സൈറ്റുകളും മുന്‍പ് അറിയിച്ചിരുന്നു. ഇത്തരം സംശയങ്ങള്‍ക്കെല്ലാമാണ് മന്ത്രി ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.
Discussion about this post