കശ്മീർ: ലഡാക്ക് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി ഉദ്യാനം നിർമ്മിച്ച് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). ആയിരം തൈകളാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ കി ബൽവാൻ എന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇത് ഒരു ഉദ്യാനമാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിച്ച പ്ലാന്റേഷൻ ഡ്രൈവിന്റെ ഭാഗമായാണ് ഗാൽവൻ താഴ്‌വരയിൽ ഐടിബിപി ഉദ്യോഗസ്ഥർ തൈകൾ നടാനാരംഭിച്ചത്. ഇവിടെ നടാൻ തിരഞ്ഞെടുത്തിരിക്കുന്നത് കുറഞ്ഞ താപനിലയിലും വളരാൻ സാധിക്കുന്ന ചെടികളാണ്. കഴിഞ്ഞ ജൂൺ 15 ന് രാത്രിയാണ് ഇന്ത്യയും ചൈനയുമായി അതിർത്തിയിൽ സംഘർഷം നടന്നത്. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.








