തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം.
പോലീസ് ധൃതിപ്പെട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത് ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണെന്ന് മക്കൾ ആരോപിച്ചു. അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. താമസ സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്നായിരുന്നു അച്ഛന്റെ അവസാനത്തെ ആഗ്രഹമെന്നും അത് നിറവേറ്റുന്നതിനായി കുഴിയെടുത്തപ്പോൾ പോലീസ് ഇത് തടസ്സപ്പെടുത്താൻ ശ്രമിച്ചതായി മകൻ പറയുന്നു. ‘ഡാ, നിർത്തെടാ’ എന്ന് പോലീസ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘സാറെ, എന്റെ അച്ഛനെയും അമ്മയേയും കൊന്നത് നിങ്ങളാ. ഇവിടെ ഒരു കുഴിയെടുക്കാനും പാടില്ലേ?, ഇവിടെ അടക്കാനും പാടില്ലേ? ” -എന്ന് തൊണ്ടയിടറി മകൻ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രാജന്റെ 17 കാരനായ മകൻ രഞ്ജിത്താണ് അച്ഛന് വേണ്ടി കുഴിയെടുത്തിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെ മരണപ്പെടുകയായിരുന്നു.










