തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ വെള്ളിയാഴ്ച തുറക്കുന്നു. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ 50 ശതമാനം വരെയുള്ള ബാച്ചുകളാക്കിയാണ് സ്കൂളുകളില്‍ എത്തിക്കുന്നത്. കോളജുകള്‍ തിങ്കളാഴ്ച മുതലാണ് തുറക്കുന്നത്.
മാര്‍ച്ച് 17 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള റിവിഷനും സംശയനിവാരണവും ലക്ഷ്യമിട്ടാണ് സ്കൂളുകള്‍ തുറക്കുന്നത്. എട്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്കൂളില്‍ എത്തുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ ഇറക്കിയ മാര്‍ഗരേഖയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
ആദ്യ ആഴ്ചയില്‍ പരമാവധി മൂന്ന് മണിക്കൂര്‍ ആയിരിക്കും ഒരുദിവസത്തെ അധ്യയനം. രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കണം കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടത്. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. സ്കൂളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഇവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 16 വരെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ കുട്ടികള്‍ക്ക് അധ്യാപകരുടെ സേവനം ലഭ്യമാകും. പൊതുപരീക്ഷക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പര്‍ പരിചയപ്പെടുത്തുകയും മാതൃക പരീക്ഷ നടത്തുകയും ചെയ്യും.
ഡിജിറ്റല്‍ ക്ലാസുകളിലെയും നേരിട്ടുള്ള ക്ലാസുകളിലെയും ക്ലാസ് പരീക്ഷകളിലെയും വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും നിരന്തര മൂല്യനിര്‍ണയം. മാര്‍ച്ച് 30ന് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയുടെ ഇടവേളയിലായിരിക്കും പ്രായോഗിക പരീക്ഷ നടത്തുക. മറ്റ് ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നതില് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Discussion about this post