കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ഉദ്ഘാടനം നടത്തുന്നതിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തതിന് ‘വി ഫോർ കൊച്ചി’ പ്രവർത്തകരെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. മുഖ്യമന്ത്രി അത്തരത്തിൽ പലതും പറയുമെന്നും ഇത്തരം ‘ഇഡിയോട്ടിക്’ ആയ കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും സ്വകാര്യ മാധ്യമത്തോട് ജോയ് മാത്യു പറഞ്ഞു.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നയാളാണ് മുഖ്യമന്ത്രി. അദ്ദേഹം അങ്ങനെ പലതും പറയും. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാർ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത്. പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും ഔപചാരിക ‘ഉദ്‌ഘാടന മഹാമഹങ്ങളോട്’ തനിക്ക് യോജിപ്പില്ലെന്നും ജോയ് മാത്യു പറഞ്ഞു.
‘കോടികളുടെ രൂപയാണ് ഔപചാരിക ഉദ്‌ഘാടനത്തിന്റെ പത്രപ്പരസ്യത്തിന് മാത്രമായി ചിലവ് വരുന്നത്. ഉദ്‌ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യൂഡൽ ആചാരങ്ങളാണ്. ട്വന്റി ട്വന്റി’, ‘വീ ഫോർ കൊച്ചി’ തുടങ്ങിയ കൂട്ടായ്മകൾ സമൂഹത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന കാലമാണിതെന്നും ഇത്തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങളെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന പാർട്ടികളിൽ ജനാധിപത്യത്തിന് സ്ഥാനമില്ലെന്നും അതിനാൽ അത്തരം പാർട്ടി സംവിധാനങ്ങളോടും സംവിധാനത്തോടും തനിക്ക് വിയോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേൽപ്പാലം തുറന്നു കൊടുത്തതിലൂടെ കുത്തിത്തിരിപ്പുണ്ടാക്കി ശ്രദ്ധ നേടാനാണ് ‘വി ഫോർ കൊച്ചി’ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു.
Discussion about this post