നീലഗിരി: മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞു കൊന്നു. ഗൂഡല്ലൂർ മസിനഗുഡിയിലാണ് സംഭവം. സംഭവത്തില്‍ 2 പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി.
രണ്ട് മാസം മുൻപായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ചചയാണ് വനം വകുപ്പ് കണ്ടെത്തിയത്. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന.
മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും കഴിഞ്ഞദിവസം ചെരിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആനയുടെ ദേഹത്ത് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതായി പ്രദേശവാസികൾ പറഞ്ഞു. തുടര്‍ന്ന് ആന വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. നാൽപ്പത് വയസ്സുകാരിയായ പിടിയാനയാണ് കൊടും ക്രൂരതക്ക് ഇരയായി ചെരിഞ്ഞത്.









