ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 26ന് ത്രിവർണ്ണ പതാക അപമാനിക്കപ്പെട്ടത് രാജ്യത്തെ വേദനിപ്പിച്ചു. നാം ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പരിപാടിക്ക് നേതൃത്വം നൽകുകയാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സിൻ വിതരണ പരിപാടിയും നമ്മുടേതാണ്. പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു.
വാക്സിൻ വിതരണത്തിൽ ഇന്ത്യ ലോകരാജ്യങ്ങളെ സഹായിക്കുകയാണ്. മരുന്നുകളുടെ കാര്യത്തിലും വാക്സിന്റെ കാര്യത്തിലും നാം സ്വയം പര്യാപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയെ ആധുനികവത്കരിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും സർക്കാർ അതുമായി മുന്നോട്ട് പോകുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.










