തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും വേണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്ര സംഘം ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകള്‍ കുറവുളളപ്പോഴും ടെസ്‌റ്റ്പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമെന്താണെന്ന് ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത് കൊവിഡ് പരിശോധന എണ്ണം കൂട്ടണമെന്നും കേന്ദ്രസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.എന്നാല്‍ വ്യാഴാഴ്‌ച മുതല്‍ ടെസ്‌റ്റുകളുടെ എണ്ണം 80000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട് കൊവിഡ് പ്രതിരോധ നടപടികള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി മറുപടി നല്‍കി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം തീരെ കുറവാണ്. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കില്‍ രോഗികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം ചികിത്സ നല്‍കാനാകുമായിരുന്നു. ഇങ്ങനെ ചെയ്‌തിരുന്നെങ്കില്‍ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നും കേന്ദ്ര സംഘം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നുമാണ് സംഘത്തിന്റെ വിലയിരുത്തല്‍
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തില്‍ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയത്തിന്റേത് കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് പതിന്മടങ്ങായെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.ദേശീയ ശരാശരിയെക്കാള്‍ അഞ്ചും ആറും ഇരട്ടി ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാനത്ത് എന്തുകൊണ്ട് ഉണ്ടായെന്നും പരിശോധന കൂട്ടി ജാഗ്രത കൂട്ടിയില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
മൂന്ന് ജില്ലകള്‍ പരിശോധിച്ച കേന്ദ്രസംഘം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.സംസ്ഥാനത്ത് ശാസ്‌ത്രീയ പരിശോധനയാണ് നടക്കുന്നതെന്നായിരുന്നു സര്‍ക്കാരിനെ അനുകൂലിച്ചിരുന്നവര്‍ ഇതുവരെ പറഞ്ഞിരുന്നത് . എന്നാല്‍ കേന്ദ്രത്തിന്റെ കണ്ടെത്തലുകളോടെ പരിശോധനകള്‍ കൂട്ടിയാല്‍ മാത്രമേ രോഗത്തെ പിടിച്ചുകെട്ടാനാകൂ എന്ന വസ്‌തുത സര്‍ക്കാരും ഇപ്പോള്‍ ശരിവയ്‌ക്കുകയാണ്.
Discussion about this post