കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്. സർവകലാശാല അധ്യാപനപരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പറിയിച്ചാണ് കത്ത്.
ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന വിഷയ വിദഗ്ധര്‍ ജനുവരി 31 ന് കാലടി സർവ്വകലാശാല വിസിക്ക് അയച്ച കത്തിൽ പറയുന്നത് പ്രകാരം ലിസ്റ്റിൽ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. നിനിതയ്ക്ക് നിയമനം നൽകിയത് നിരവധി പേരെ മറികടന്നാണെന്ന് കത്തിൽ പറയുന്നു. നിയമനം തങ്ങളുടെ ധാർമ്മികതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.
ഇന്റർവ്യൂ ബോഡിന്റെ തീരുമാനം നടപ്പാക്കാൻ സർവ്വകലാശാല തയ്യാറാകണമെന്നും ഉമർ തറമേൽ, ടി പവിത്രൻ, കെ എം ഭരതൻ എന്നിവർ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടുന്നു.റാങ്ക് പട്ടികയിൽ സ്വജന പക്ഷപാതമുണ്ടെന്നും യോഗ്യതയുള്ള വരെ തഴഞ്ഞാണ് സിപിഎം നേതാവിന്‍റെ ഭാര്യക്ക് നിയമനം നൽകിയതെന്നും കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിനും ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. കോളജധ്യാപകരെ നിയമിക്കാനായി പിഎസ്‍സി 2017-ൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ 212-ാം റാങ്കുകാരി മാത്രമായിരുന്നു നിനിതയെന്നും പരാതിയിൽ പറയുന്നുണ്ട്.
യുജിസി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി മാർക്കിടേണ്ടത് എന്നിരിക്കെ അവരുടെ പട്ടിക അവഗണിച്ച് വിസിയും മറ്റുള്ളവരും നിനിതയെ നിയമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത് നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ സർവ്വകലാശാലയും വിസിയും വെട്ടിലാകും. നിയമനത്തിനെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.
Discussion about this post