ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകളില്‍ കണ്ണുനീര് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് ആദ്യമായി തോന്നിയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇവിടെ പാര്‍ട്ടിയില്ല, മനുഷ്യന് മാത്രമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കം ഈ മാസം രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വികാരാധീനനായതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം രംഗത്ത് എത്തിയത്.
കണ്ണുനീരിന് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര് കണ്ടപ്പോള്‍ ഒരു വ്യക്തിയായി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് എനിക്ക് ആദ്യമായി തോന്നി. പ്രധാനമന്ത്രി എന്ന നിലയില്‍ കാണാനാണ് ഞാന്‍ ഈ ദിവസം വരെ ആഗ്രഹിച്ചത്. മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തെ തീര്‍ച്ചയായും കാണണമെന്ന് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ഇന്ന് എനിക്ക് തോന്നി’- ബിനോയ് വിശ്വം പറഞ്ഞു.
രാജ്യസഭയില്‍ നടന്ന യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രി ഇന്ന് വികാരാധീനനായി സംസാരിച്ചത്. ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രിയായി ഗുലാം നബി ആസാദും ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദിയും സേവനം അനുഷ്ഠിക്കുന്ന കാലയളവിലുണ്ടായ സംഭവത്തെപ്പറ്റി പറഞ്ഞപ്പോഴായിരുന്നു ഇത്. ആ സമയം ജമ്മു കാശ്മീരില്‍ ഒരു ഭീകരാക്രമണം നടക്കുകയും ഗുജറാത്തില്‍ നിന്നുള്ള ആളുകള്‍ അവിടെ കുടുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വന്തം കുടുംബാംഗങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഏതുതരത്തിലാണോ ഇടപെടുക, അതേ ഉത്സാഹത്തോടെ ഗുലാം നബി ആസാദ് വിഷയത്തില്‍ ഇടപെട്ടുവെന്നും കൃത്യമായ വിവരങ്ങള്‍ തന്നെ അറിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ കണ്ഠമിടറിയാണ് മോദി സംഭവം വിശദീകരിച്ചത്. ഇടയ്ക്കിടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുറിയുകയും ചെയ്തു.
Discussion about this post