ഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യത്തില്‍ കഴിയുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവെക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
ശിവശങ്കറിനെതിരെ തെളിവുകളില്ലെന്ന് ഹൈകോടതി പറഞ്ഞിട്ടില്ലെന്ന് ഹരജിയില്‍ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
കസ്റ്റംസും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post