ഗ്രെറ്റ തൻബെർഗ് ടൂൾകിറ്റ് കേസിലെ ഗൂഢാലോചന അന്വേഷണവുമായി ബന്ധപ്പെട്ട് ആം ആദ്മി പ്രവർത്തകയും അഭിഭാഷകയുമായ നികിത ജേക്കബിനെതിരെ ദില്ലി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറന്റ്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ . നിഖിതയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഖിതയെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
നേരത്തെ 21 കാരിയായ കാലാവസ്ഥാ പ്രവർത്തകയായ ദിഷാ രവിയെ അറസ്റ്റ് ചെയ്തു അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു . കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ‘ടൂൾകിറ്റ്’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് താനല്ലെന്നും അത് എഡിറ്റ് ചെയ്യുകമാത്രമേ താൻ ചെയ്തുള്ളു എന്നുമാണ് ദിശ രവി അറിയിച്ചത്.
അതേസമയം കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൻബെർഗ് പങ്കുവെച്ച ടൂള്‍ കിറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. സംഭവത്തില്‍ ഫെബ്രുവരി 4 നാണ് പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തെ കര്‍ഷകസമരത്തിൽ ഗ്രേറ്റയുടെ ട്വീറ്റും വിവാദവും പ്രചരിച്ചതോടെ കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ കൈവന്നു.കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ വൻ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ . രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു.
കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് കൂടാതെ നികിത ജേക്കബിനും സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനു പിന്നാലെ ഇവർ തന്റെ ഐഡി ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.








