തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയുമായി നാനോ സാറ്റലൈറ്റ് ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹം വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി.സി-51 റോക്കറ്റിലാണ് ഇന്ത്യന്‍ ഉപഗ്രഹമായ എസ്.ഡി.സാറ്റിന്റെ (സതീഷ് ധവാന്‍ സാറ്റലൈറ്റ്) യാത്ര. ഇന്ത്യന്‍ ഉപഗ്രഹവിക്ഷേപണ സാങ്കേതിക വിദ്യയുടെ പിതാവായാണ് സതീഷ് ധവാന്‍ അറിയപ്പെടുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സ്പെയ്സ് കിഡ്സ് ഇന്ത്യ നിര്‍മ്മിച്ച ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ വിക്ഷേപിക്കുന്നത്. പരിപൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഉപഗ്രഹമാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് നല്‍കിയ പ്രചോദനമാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നു.
ഇന്ത്യയിലെ 25000 വ്യക്തികളുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ജനങ്ങള്‍ നിര്‍ദേശിച്ചതാണ്. വിശിഷ്ട വ്യക്തികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍വരെ കൂട്ടത്തിലുണ്ട്. ആയിരം പേരുകള്‍ വിദേശഇന്ത്യക്കാര്‍ അയച്ചുകൊടുത്തതാണ്. ചെന്നൈയിലെ ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുണ്ട്. ശാസ്ത്രാവബോധം വളര്‍ത്താനാണിതെന്ന് സ്പെയ്സ് കിഡ്സ് സി.ഇ.ഒ.ഡോ.ശ്രീമതി കേസന്‍ പറഞ്ഞു.
ബൈബിള്‍ പോലെയുള്ള മറ്റു വേദ ഗ്രന്ഥങ്ങള്‍ അയച്ചതിന് സമാനമായിട്ടാണ് ഭഗവത് ഗീത ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും കേസ൯ പറയുന്നു. ഇതിനെല്ലാം പുറമെ മൂന്ന് ഉപകരണങ്ങള്‍ എസ്.ഡി. സാറ്റിലുണ്ട്. ബഹിരാകാശത്തെ റേഡിയേഷന്‍, ഭൂമിയുടെ കാന്തികവലയം,വാര്‍ത്താവിനിമയ സംവിധാനം എന്നിവയുടെ പഠനത്തിനാണിവ.








