ഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി. പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരം നഷ്ടമായ കോൺഗ്രസിന്റെ അവസ്ഥയോട് പ്രതികരിക്കവെയാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ കൈപ്പത്തിക്ക് ഭാവിയിൽ വിരലുകളുണ്ടാകില്ല എന്ന് അദ്ദേഹം സാന്ദർഭികമായി പറഞ്ഞു.
പുതുച്ചേരിയിലെ ജനങ്ങൾ മാത്രമല്ല, രാജ്യം ഒന്നടങ്കം കോൺഗ്രസിനെ തിരസ്കരിച്ചു. രാജ്യത്തിന് ദശാബ്ദങ്ങളായി വികസനം നിഷേധിച്ച കോൺഗ്രസിനെ ജനങ്ങൾ വെറുക്കുകയാണെന്നും ബിജെപി വ്യക്തമാക്കി.
കോൺഗ്രസിന്റെ ആശയസംഹിത കാലഹരണപ്പെട്ടതാണ്. പ്രീണനം, വർഗീയത, സ്വാർത്ഥ താത്പര്യം, അഴിമതി, കുടുംബ വാഴ്ച, ഇവയൊക്കെയാണ് കോൺഗ്രസിന്റെ മുഖമുദ്രകൾ. ഇവയോടൊപ്പം നേതൃദാരിദ്ര്യം കൂടി ചേരുമ്പോൾ ഭാവിയിൽ രാജ്യത്ത് കോൺഗ്രസ് അപ്രസക്തമാകുമെന്നും ബിജെപി വക്താവ് പറഞ്ഞു.
അതേസമയം നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിൻ കീഴിൽ ബിജെപി രാജ്യത്ത് അനിഷേധ്യ ശക്തിയായി ഉയർന്നു വരികയാണ്. ജനക്ഷേമവും ശക്തമായ നേതൃത്വവുമാണ് ബിജെപിയുടെ ശക്തിയെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.
Discussion about this post