കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ബംഗളൂരുവിലെ വ്യാപാരി ഗാനശ്രാവണ്‍ പ്രഖ്യാപിച്ച 726 കോടി രൂപയുടെ സമര്പ്പണപദ്ധതി നിയമക്കുരുക്കിലേക്ക്. ഗാനശ്രാവണനെതിരെ ദേവസ്വം മന്ത്രിക്ക് പരാതി ലഭിച്ചതും ദേവസ്വം ഓംബുഡ്സ്മാന് മുന്നിലെ നടപടികള്‍ നീളുന്നതുമാണ് പ്രശ്നം. തിരുവനന്തപുരം കൈമനം സ്വദേശി അഡ്വ. പി.എസ്. ശാന്തിയാണ് പരാതിക്കാരി. ദേവസ്വം മന്ത്രി ചോറ്റാനിക്കരയില്‍ വിളിച്ച യോഗത്തില്‍ ഗാനശ്രാവണൊപ്പം ഇവര്‍ പങ്കെടുത്തിരുന്നു.
ജ്യോതിഷത്തിലൂടെ ഭക്തരെ ആകര്‍ഷിച്ച് ക്ഷേത്രത്തില്‍ അനധികൃത പൂജകള്‍ നടത്തുന്ന ഗാനശ്രാവണ്‍ യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലെന്നാണ് പ്രധാന ആക്ഷേപം. തട്ടിപ്പിനാണ് ശ്രമിക്കുന്നതെന്നും പൊലീസ് അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു. ഗാനശ്രാവണ്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും വിശദാംശങ്ങള്‍ വേണമെന്നും ദേവസ്വം ഓംബുഡ്സ്മാന് നിര്‍ദേശിച്ചിട്ടുണ്ട്.
മുന്നാങ്കി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സമര്പ്പണപദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുക. കമ്പനി 2020ല്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാലന്‍സ്ഷീറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ തയ്യാറല്ലെന്ന് ഓംബുഡ്സ്മാനെ അറിയിച്ചിരുന്നു. ഇതാണ് വിശദീകരണം തേടാന്‍ കാരണമായത്. മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയെങ്കിലും, അന്വേഷണം ഇന്റലിജന്‍സ് വിഭാഗത്തെ ഏല്‍പ്പിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവണ്‍ ഒരു വര്‍ഷത്തിലേറെയായി പദ്ധതി നടപ്പാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി കാക്കുകയാണ്.
വിദേശപണം എത്തിക്കാന്‍ ദേവസ്വം ബോര്‍ഡുമായുള്ള ധാരണാപത്രം അനിവാര്യമാണെന്ന് കാട്ടി ഗാനശ്രാവണ്‍ ദേവസ്വം ഓംബുഡ്സ് മാന്‍ ഫെബ്രുവരി 19ന് കത്തുനല്‍കി. ബ്രിട്ടനിലെ അക്കൗണ്ടില്‍നിന്നാണ് തുക വരേണ്ടത്. റിസര്‍വ് ബാങ്ക് അനുമതി ആവശ്യമായതിനാല്‍ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കണം. സാമ്പത്തിക കാര്യങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ ബ്രിട്ടനില്‍നിന്നുള്ള സ്രോതസുകളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്കാന് തയ്യാറാണ്. ഇതിനായി 60 ദിവസം അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.
ജനുവരിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ചോറ്റാനിക്കരയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് നടപടിക്രമങ്ങള്‍ വേഗതയാര്ജിച്ചതും ദേവസ്വംബോര്‍ഡ് നിര്‍ദേശങ്ങള്‍ ഓംബുഡ്സ്മാന് മുന്നില്‍ സമര്‍പ്പിച്ചതും.ധാരണാപത്രം ദേവസ്വം ഓംബുഡ്സ്മാന് മുഖാന്തരം ഹൈക്കോടതി ദേവസ്വംബെഞ്ചിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ധാരണപത്രത്തിന് അന്തിമരൂപം നല്കുന്ന നടപടിയാണ് ഇനിയുള്ളത്.








