ഡല്‍ഹി: ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനമേര്‍പെടുത്തിയ കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ‘പബ്ജി’ക്ക് ഉടനൊന്നും നിരോധനം നീങ്ങില്ലെന്ന് സൂചന. ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായിരുന്ന ‘പബ്ജി’ മാസങ്ങളായി രാജ്യത്ത് ലഭ്യമല്ല. ഇതുള്‍പ്പെടെ 100ലേറെ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്കാണ് താഴു വീണിരുന്നത്. കൗമാരക്കാരുടെ ഇഷ്ട ഗെയിമായിരുന്ന ‘പബ്ജി’ ഹിംസയെ പ്രോല്‍സാഹിപ്പിക്കുന്നതും അശ്ലീലവും അതില്‍ മാത്രമായി മുഴുകാന്‍ പ്രേരിപ്പിക്കുന്നവയുമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഗെയിമുകളും മറ്റും വികസിപ്പിക്കാനായി സ്ഥാപിച്ച പ്രത്യേക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും ലഭ്യമായ പല ഗെയിമുകളും ‘ഹിംസ നിറഞ്ഞതും അശ്ലീലവും അതില്‍ മുഴുകാന്‍ നിര്‍ബന്ധിക്കുന്നതും ഒപ്പം കുരുന്നു മനസ്സുകളെ സങ്കീര്ണമാക്കുന്നതുമാണെന്നും പബ്ജി അതില്‍ ഒന്നു മാത്രമാണെന്നും’ ജാവ്ദേക്കര്‍ പറഞ്ഞു. അവയെ വിമര്‍ശിക്കുന്നതിന് പകരം ‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിനില്‍ ഉള്‍പ്പെടുത്തി സ്വന്തം ഗെയിമുകള്‍ വികസിപ്പിക്കുക മാത്രമാണ് പോംവഴി.
പുതുതായി സ്ഥാപിച്ച ഗെയിമിങ് കേന്ദ്രത്തില്‍ വി.എഫ്.എക്, ഗെയിമിങ്, ആനിമേഷന്‍ എന്നിവ ഉള്പെടുത്തിയ കോഴ്സ് പഠിപ്പിക്കും. ഈ വര്‍ഷം മുതല്‍ തന്നെ കോഴ്സുകള്‍ ആരംഭിക്കും.
ബോംബെ ഐ.ഐ.ടിയുമായി സഹകരിച്ചാണ് സെന്റര്‍ ഓഫ് എക്സലന്‍സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുക. ഗെയിമിങ്, അനുബന്ധ മേഖലകള്‍ എന്നിവക്ക് ഈ കേന്ദ്രത്തില്‍ സവിശേഷ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post