പിലിഭിത്ത്: നേപ്പാളിൽ ഇന്ത്യക്കാരൻ പൊലീസ് വെടിവെപ്പിൽ മരിച്ചു. അതിർത്തിയിൽ നേപ്പാൾ പൊലീസുമായുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇന്ത്യക്കാരന് വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ മരിക്കുകയായിരുന്നു.
പപ്പു സിംഗ്, ഗുർമീത് സിംഗ് എന്നിവർക്കൊപ്പം നേപ്പാളിലേക്ക് പോയ ഗോവിന്ദ എന്ന ഇരുപത്തിയാറുകാരനാണ് കൊല്ലപ്പെട്ടത്. തുടർന്ന് അതിർത്തിയിൽ നടന്ന സംഘർഷത്തിനിടെ ഒരാൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. സംഘത്തിലെ മൂന്നാമനെ കാണാതായതായി നേപ്പാൾ പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം തുടരുകയാണ്. ഉത്തർ പ്രദേശ് പൊലിസും നേപ്പാൾ പൊലീസും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുകയാണ്.










