ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഗതികേടിന്റെ പര്യായമായി കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസിന് 25 സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങൾക്കും അപേക്ഷകൾക്കും ഒടുവിലാണ് തീരുമാനം വന്നിരിക്കുന്നത്.
ശനിയാഴ്ച രാത്രിയില്‍ ചെന്നൈയില്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ വീട്ടില്‍ എത്തി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി, എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സീറ്റ് വിഷയത്തിൽ അവസാന തീരുമാനം ഉണ്ടായത്.
കഴിഞ്ഞ തവണ ഇതേ സഖ്യത്തില്‍ 41 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും എട്ടിടത്ത് മാത്രമാണ് വിജയിച്ചത്. ഈ ദയനീയ പ്രകടനമാണ് കോൺഗ്രസിനെ ഒതുക്കാൻ ഡി എം കെക്ക് ഊർജ്ജമായത്. അതേസമയം കോണ്‍ഗ്രസിനെ മൂന്നാംമുന്നണിയിലേക്ക് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ക്ഷണിച്ചിരുന്നു. മുന്നണിയിൽ ആളില്ലാതെ ബുദ്ധിമുട്ടുകയാണ് കമൽഹാസനും.








