തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത് വന്നതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും പുറത്ത്. ശ്രീരാമകൃഷ്ണന്‍ വന്‍തുക യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയെന്നാണ് സരിത്തിന്റെ മൊഴി. 10 കെട്ട് നോട്ടാണ് സ്പീക്കര്‍ ലോകകേരള സഭയുടെ ലോഗോയുളള ബാഗില്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയതെന്നാണ് മൊഴിയില്‍ പറയുന്നത്.
തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ വച്ചാണ് ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയതെന്നും സ്വപ്‌നയുടെ കാറിലാണ് സ്പീക്കര്‍ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയതെന്നുമാണ് മൊഴി. വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപ്പാര്ട്മെന്റില്വച്ചാണ് കോണ്‍സുല്‍ ജനറലിന് ബാഗ് കൈമാറിയതെന്നുമാണ് സരിത്തിന്റെ മൊഴി.
സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു നീക്കമെന്നും സൗജന്യ ഭൂമിക്കായി ഷാര്‍ജാ ഭരണാധികാരിയോട് ചര്‍ച്ച നടത്തിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Discussion about this post