അള്‍വാര്‍: രാജസ്ഥാനിലെ ഫ്‌ളൈഓവറിന് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരിട്ടുവെന്ന വിവാദം ഉയരുന്നു. അള്‍വാറിലെ 750 മീറ്റര്‍ നീളം വരുന്ന നാല് വരി ഫ്‌ളൈ ഓവറിനാണ് ഗോഡ്‌സെയുടെ പേര് നല്‍കിയത്. സംഭവം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഫലകം നീക്കം ചെയ്തു. ചില സാമൂഹ്യവിരുദ്ധരാണ് ഫലകം സ്ഥാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ഫ്‌ളൈ ഓവറില്‍ പതിച്ച ഫലകത്തില്‍ ‘ദേശീയവാദി ഗോഡ്‌സെ ബ്രിഡ്ജ്’ എന്നാണ് എഴുതിയിരിക്കുന്നത്.
2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ഫ്‌ളൈഓവര്‍ നിര്‍മ്മാണം ആരംഭിച്ചത്. 22 കോടിയാണ് നിര്‍മ്മാണചിലവ്.
വിവാദത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മഹാവീര്‍ സ്വാമി ഫലകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകകയായിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഫലകത്തിന് പിന്നിലെന്നും കളക്ടര്‍ പറഞ്ഞു.
ഇതേസമയം ബിജെപി സര്‍ക്കാരിന്റേയും നേതാക്കളുടേയും അനുമതിയോടെയാണ് ഫ്‌ളൈഓവറിന് ഗോഡ്‌സെയുടെ പേര് നല്‍കിയതെന്ന് മുന്‍ കോണ്‍ഗ്രസ് എംപി ഭന്‍വര്‍ ജിതേന്ദ്ര സിംഗ് ആരോപിച്ചു.
നേരത്തെ ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം പിന്‍വലിച്ചു. ഗോഡ്‌സെയുടെ പ്രതിമ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള ഹിന്ദു മഹാസഭയുടെ നീക്കവും വിവാദമായിരുന്നു.
Discussion about this post