തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മൗനം പാലിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതമായി കരുതാമെന്ന് കേന്ദ്ര പാര്‍ലമെന്റി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ”സ്വര്‍ണ കടത്തിനെക്കുറിച്ചും അതിലെ മുഖ്യപ്രതി സ്വപ്നയെക്കുറിച്ചും ഇതുവരെ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കേരള ജനത മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നുണ്ട്” അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
” തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ പോകുമ്പോള്‍ കിറ്റും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഇടതുമുന്നണിയുടെ പ്രവൃത്തിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണം. പക്ഷപാതരഹിതമായി തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം. ഇതിനെക്കുറിച്ചും ഇരട്ടവോട്ടുകളെക്കുറിച്ചും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.പ്രധാനമന്ത്രിയുടെ പ്രസംഗത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അദ്ദേഹത്തിന്റെ നിലവാരമില്ലായ്മ തെളിയിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.








