ഡൽഹി: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാനും ആളുകള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ സംസ്ഥാന അധികാരികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാത്രി യാത്ര നിരോധനം, മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദഹം പറഞ്ഞു.’പരിശോധിക്കുക, ട്രാക്ക് ചെയ്യുക, ചികിത്സിക്കുക’ എന്ന ക്രമീകരണത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൈകാര്യം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും വ്യക്തമാക്കി.
കോവിഡ് -19 നെതിരെ ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 14 വരെ ഗവര്‍ണര്‍മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ‘ടിക്ക ഉത്സവ് (വാക്സിന്‍ ഉത്സവം)’ ആചരിക്കാനും പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു. ഈ കാലയളവില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ വാക്സിനേഷന് അര്‍ഹരായ കൂടുതല്‍ ആളുകളെ സഹായിക്കുന്നതിനായി ഇടപെടല്‍ വേണമെന്നും, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, യുവാക്കള്‍ എന്നിവരടക്കം എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം ഉപയോഗിക്കണം. രാത്രി 9 മുതല്‍ രാവിലെ 5 വരെയോ, രാത്രി 10 മുതല്‍ രാവിലെ 6 വരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
”ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്‌സിനേഷന്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍ടിപിസിആര്‍ പരിശോധന കൂടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം.” അദ്ദേഹം പറഞ്ഞു.
കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ആദ്യം പരിശോധന കൂട്ടുക. സമ്പർക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുക. സമ്പർക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പർക്ക പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക. മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആര്‍ടി പി സി ആര്‍ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് നിര്‍ണയ പരിശോധന നടത്താനോ പ്രതിരോധ കുത്തിവെപ്പെടുക്കാനോ നമ്മള്‍ മറക്കുന്നു. പ്രതിരോധ കുത്തിവെപ്പില്ലാതെ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. മാക്സ് ധരിക്കുന്നതടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.










