ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ചെന്നൈയിൽ ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് പ്രതീക്ഷ നൽകി അഞ്ച് വിക്കറ്റ് പ്രകടനവുമായി ഹർഷൽ പട്ടേൽ. ഹർഷൽ പട്ടേലിന്റെ ബൗളിംഗ് മികവിൽ ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സിൽ ഒതുക്കി.
ഹർഷൽ പട്ടേൽ നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് 5 വിക്കറ്റ് വീഴ്ത്തിയത്. 35 പന്തില്‍ മൂന്നു സിക്സും നാലു ഫോറുമടക്കം 49 റണ്‍സെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്കോറര്‍.
24 റൺസിൽ നിൽക്കുമ്പോഴായിരുന്നു മുംബൈയുടെ ആദ്യ വിക്കറ്റ് വീണത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന നായകൻ രോഹിത് ശര്‍മ 19 റൺസുമായി റണ്ണൗട്ടായി. 23 പന്തില്‍ ഒരു സിക്സും നാലു ഫോറുമടക്കം 31 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈല്‍ ജാമിസണ് മുംബൈക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. ഇഷാന് കിഷന് 19 പന്തിൽ 28 റൺസ് നേടി.
കീറൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഏഴ് വീതം റൺസുമായി മടങ്ങി.
Discussion about this post