കോട്ടയം: സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
എന്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് വിജയരാഘവന്റെ പ്രസ്താവന. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനോട് എതിര്‍പ്പുള്ളത്. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിനു മുന്‍പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജവം എന്‍എസ്‌എസിനുണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍എസ്‌എസ് ശ്രമിച്ചെന്നായിരുന്നു എ.വിജയരാഘവന്റെ പ്രസ്താവന. ഇതിനായി കോണ്‍ഗ്രസുമായും ബിജെപിയുമായും എന്‍എസ്‌എസ് കൈകോര്‍ത്തെന്നും സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ എന്‍എസ്‌എസ് പരസ്യപ്രസ്താവനകള്‍ നടത്തിയെന്നും പാർട്ടി പത്രത്തിലെ ലേഖനത്തില്‍ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.
Discussion about this post