മുംബൈ∙ ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ചെറിയതോതില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി.കര്‍ണാടകയിലെ കര്‍വാര്‍ തീരത്ത് നങ്കൂരമിട്ടിരിക്കേയാണ് ശനിയാഴ്ച പുലര്‍ച്ചെ കപ്പലിനുള്ളില്‍ തീ കണ്ടത്. ചെറിയ തീപിടുത്തമാണെന്നും, കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും, ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ തീ അണച്ചുവെന്നും, വലിയ തോതില്‍ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
2013ല്‍ റഷ്യയില്‍നിന്നു വാങ്ങിയ യുദ്ധക്കപ്പലിന് വിക്രമാദിത്യ എന്നു നാമകരണം ചെയ്യുകയായിരുന്നു. 284 മീറ്റര്‍ നീളമുള്ള കപ്പലിന് മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. 22 ഡെക്കുകളുള്ള കപ്പലില്‍ 1,600 ജീവനക്കാരാനുള്ളത്.










