കൊച്ചി : വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടന് പി.സി.ജോര്‍ജ്(74) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്കാരം ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്‍.
നാടകരംഗത്തുനിന്നുമായിരുന്നു പിസി ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. മകന്റെ താല്പര്യം പോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. കലാരംഗത്ത് മാത്രമല്ല കായികരംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന് പോലീസ് ജോലി ലഭിക്കുന്നത്. ജോലി ചെയ്യുന്നതിനോടൊപ്പമായി നാടകരംഗത്തും സജീവമാവുകയായിരുന്നു അദ്ദേഹം.
പൊലീസിലിരിക്കെ ‘അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ജോര്‍ജ് സ്പെഷല്‍ ബ്രാഞ്ച് എസ്പി ആയാണ് വിരമിച്ചത്. കെ.ജി.ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രവര്‍ത്തിച്ചു. നിരവധി പ്രഫഷനല്‍ നാടകങ്ങളിലും വേഷമിട്ടു. ‘ഇന്നലെ’, ‘ചാണക്യന്’, ‘ആയിരപ്പറ’, ‘സംഘം’, ‘ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ തുടങ്ങി 78 സിനിമകളിൽ അഭിനയിച്ചു. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.












