ബംഗളൂരു : അസാദ്ധ്യമായത് സാദ്ധ്യമാക്കുന്ന , അസാധാരണ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാർ . ആർ.എസ്.എസുകാരെക്കുറിച്ച് പൊതുവെ പറയുന്നതിങ്ങനെയാണ്. ഇത് അക്ഷരംപ്രതി സത്യമെന്ന് തെളിയിച്ചിരിക്കുകയാണ് കോലാർ ജില്ലയിലെ ഒരു കൂട്ടം സ്വയംസേവകർ. ഉപയോഗശൂന്യമായ ഒരു വലിയ ആശുപത്രി ഒരാഴ്ച്ച കൊണ്ട് കൊറോണ സെന്ററാക്കി മാറ്റിയെടുത്തിരിക്കുകയാണ് അവർ.
1880 ഡോ. ടിജെ ഒഡോണലും സഹോദരൻ ജെഡി ഒഡോണലും ആരംഭിച്ച ആശുപത്രിയായിരുന്നു ബിജിഎംഎൽ ഹോസ്പിറ്റൽ. കോളാർ ഖനി തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു ആശുപത്രി ആരംഭിച്ചത്. 2001 ൽ ഖനി പൂട്ടിയതോടെ ആശുപത്രിയും പൂട്ടി. തുടർന്ന് കാടും പടലും കയറി ആശുപത്രി ഉപയോഗ ശൂന്യമാവുകയായിരുന്നു. നാലു വാർഡുകളിലായി ഇരുനൂറു ബെഡുകൾ വീതമായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്.
കർണാടകയിൽ കൊറോണ രൂക്ഷമായതോടെ ബിജിഎംഎൽ ആശുപത്രി പുനരുദ്ധരിച്ച് കൊറോണ സെന്ററാക്കാനുള്ള ആശയം മുന്നോട്ടുവെച്ചത് സ്ഥലത്തെ എം.പിയായ മുനിസ്വാമിയായിരുന്നു. പ്രദേശത്തെ സംഘപരിവാർ പ്രവർത്തകരുമായി അദ്ദേഹം ഈ ആശയം പങ്കുവെച്ചു. തുടർന്ന് 200 ബെഡ് ശേഷിയുള്ള കൊറോണ സെന്റർ ആക്കി കെട്ടിടത്തെ മാറ്റാൻ തീരുമാനിച്ചു. കോൾ ആൻഡ് മൈൻ വകുപ്പ് ചുമതലയുള്ള മന്ത്രി പ്രഹ്ളാദ് ജോഷിയുമായി മുനിസ്വാമി സംസാരിക്കുകയും ആശുപത്രി പുനരുദ്ധരിക്കാനുള്ള അനുവാദം നേടുകയും ചെയ്തു.
ഇരുപത് വർഷമായി ആരും പ്രവേശിക്കാതെ കാടു മൂടിക്കിടന്ന ആശുപത്രിയും പരിസരവും വൃത്തിയാക്കാനുള്ള തീരുമാനവുമായി സംഘപരിവാർ മുന്നിട്ടിറങ്ങി. വവ്വാലുകളുടെ താമസസ്ഥലമായിരുന്ന കെട്ടിടത്തിൽ ഏതാണ്ട് അരയടിയോളം ചെളി മൂടിക്കിടന്ന തറ വൃത്തിയാക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരം. ട്രാക്ടറിൽ നാനൂറു ലോഡ് മണ്ണാണ് കോരി മാറ്റിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുമ്പുകട്ടിലുകൾ വൃത്തിയാക്കി പെയിന്റടിച്ചു. കാറ്റും പടലുമായി കിടന്ന പരിസരവും വൃത്തിയാക്കി.

ഒറ്റയാഴ്ച്ച കൊണ്ട് ആശുപത്രിയെ ഉപയോഗയോഗ്യമാക്കി തീർക്കാൻ അവർക്ക് കഴിഞ്ഞു. ഇനി പ്ലംബിംഗും ഇലക്ട്രിസിറ്റി ജോലികളുമാണ് ബാക്കിയുള്ളത്. ഒരു വാർഡിൽ ഐസിയു സൗകര്യവും ലഭ്യമാക്കും. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായിരുന്ന ബിജിഎംഎൽ ആശുപത്രി പഴയ പ്രതാപത്തോടെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആശുപത്രി പ്രവർത്തന ക്ഷമമാക്കിയ എം.പി മുനിസ്വാമിക്കും ആർ.എസ്.എസ് പ്രവർത്തകർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്ന തിരക്കിലാണവർ. കേന്ദ്രസർക്കാർ ഈ കെട്ടിടത്തിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി തുടങ്ങുമെന്ന പ്രതീക്ഷയിലാണിപ്പോൾ നാട്ടുകാർ.


https://mobile.twitter.com/rajeshpadmar/status/1388515869639147526








