ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന ട്രാഫിക് നിയമം നമുക്കേവർക്കും അറിയാവുന്നതാണ്. പലപ്പോഴും ഇത് ലംഘിച്ചതിന്റെ പേരിൽ നമ്മളിൽ പലർക്കും പിഴയോ ഉപദേശങ്ങളോ ഒക്കെ കിട്ടിയിട്ടുമുണ്ടാകും. എന്നാൽ നമുക്ക് അറിയാൻ ഇടയില്ലാത്ത ചില ട്രാഫിക് നിയമങ്ങളും നാട്ടിൽ നിലവിലുണ്ട്. അവയിൽ ചിലത് ഇതാ:
ചപ്പലുകളോ, സ്ലിപ്പറോ ധരിച്ച് ഇരുചക്ര വാഹനമോടിക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ ചെയ്താൽ 1000 രൂപ വരെ പിഴയീടാക്കാവുന്നതാണ്. ഇത്തരം ചപ്പലുകൾ വഴുതിവീഴാൻ കാരണമാകുമെന്നതിനാലാണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. ഇത്തരം ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ ഗിയർ മാറുന്ന സമയത്ത് അപകട സാദ്ധ്യത കൂടുതലാണ് എന്നതും ഒരു കാരണമാണ്.
ഇരട്ട ഡ്രൈവിംഗ് ലൈസൻസ് കുറ്റകരമാണ്. അതായത് രാജ്യത്ത് ഒരു വ്യക്തിക്ക് ഒരു സംസ്ഥാനത്ത് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകാൻ പാടുള്ളൂ. അത് രാജ്യത്ത് എല്ലായിടത്തും സാധുത ഉള്ളതായിരിക്കും. ഇത് മുൻ നിർത്തി രാജ്യത്ത് എവിടെയും നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ നിറവും ഡിസൈനും ഏകീകരിച്ചിട്ടുണ്ട്.
ഡ്രൈവിംഗിനിടെ ഈ കാര്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കാം. ഞെട്ടേണ്ട, ഡ്രൈവ് ചെയ്യുന്ന ആളുടെ ശ്രദ്ധ തെറ്റാത്ത തരത്തിൽ, റൂട്ട് മാപ്പ് പിന്തുടരാൻ മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. ഇതിനല്ലാതെ ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ വരെ പിഴ ലഭിച്ചേക്കാം.
ആംബുലൻസുകൾക്ക് സൈഡ് നൽകാതിരുന്നാൽ കുടുങ്ങും. ആംബുലൻസുകൾക്കോ അഗ്നിശമന വാഹനങ്ങൾക്കോ സൈഡ് നൽകാതിരുന്നാൽ 6 മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
ഡ്രൈവിംഗ് സമയത്ത് മാനസികമോ ശാരീരികമോ ആയ അവശതകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. വാഹനമോടിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ക്ഷമതയില്ലാത്തയാൾ വാഹനമോടിച്ചാൽ ആദ്യ തവണ 1000 രൂപയും കുറ്റം ആവർത്തിച്ചാൽ 2000 രൂപയുമാണ് പിഴ.
ഇനി വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകേണ്ടതാണ്.
Discussion about this post