കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ രണ്ട് തൃണമൂൽ മന്ത്രിമാരടക്കം നാല് പേർക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ചു. ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്.
ഇവരുടെ അറസ്റ്റിനു പിറകെ നാടകീയ രംഗങ്ങളാണ് സിബിഐ ഓഫിസിനു മുന്നിൽ അരങ്ങറിയത്. ഇവരെ വീടുകളിലെത്തി അറസ്റ്റു ചെയ്ത് ഒരു മണിക്കൂറിനകം മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫിസിലെത്തി തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് തൃണമൂൽ അനുകൂലികൾ മുദ്രാവാക്യം വിളിക്കുകയും ഓഫിസിനു നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെ അവിടെ വിന്യസിച്ചു.
സിബിഐ കസ്റ്റഡിയിലെടുത്ത മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്‍റെ വീട്ടിലും മമത സന്ദർശിച്ചിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തൃണമൂൽ നിലപാട്.
2014ലാണ് കേസിനാസ്പദമായ സംഭവം. ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാര്‍ക്കും നാലു മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആയിരുന്നു അറസ്റ്.








